മരട്: നെട്ടൂരില്‍ ഉപയോഗശൂന്യമായ മൂടിയില്ലാത്ത കിണറ്റില്‍ വീണ് കുതിരക്ക് പരിക്ക്. നെട്ടൂര്‍ 28ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മിയ-റിയ റിസോര്‍ട്ടിലെ കുതിരയാണ് മൂടിയില്ലാത്ത കിണറ്റില്‍ വീണു ഗുരുതര പരിക്കേറ്റത്. തക്കസമയത്തെ നാട്ടുകാരുടെ ഇടപെടല്‍ മൂലം ജീവന് രക്ഷിക്കാനായി. കിണറ്റില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ടായിരുന്നെങ്കിലും കിണറിന് വീതി കുറവായിരുന്നതിനാല്‍ വശങ്ങളില് തൂങ്ങിപ്പിടിച്ച് കിടന്നതിനാല്‍ കുതിര മുങ്ങിപ്പോയില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ അഗ്നിരക്ഷാ സേന ഓഫിസര്‍മാരും ഫ്ലയിങ് സ്ക്വാഡ് പൊലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കിണറ്റില്‍നിന്ന് കുതിരയെ കരക്ക് കയറ്റുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പരിപാലനചുമതലയുള്ള റോയ് എന്നയാൾ കുതിരയെ റിസോര്‍ട്ടിലേക്ക് മാറ്റി.
ഡിവിഷന് കൗണ്‍സിലർ ടി.എം. അബ്ബാസിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തി ഉപയോഗിച്ച് അപകടം പറ്റിയ കിണര്‍ മണ്ണിട്ട് മൂടി അപകടാവസ്ഥ ഒഴിവാക്കി. ഉപയോഗശൂന്യമായ കിണര്‍ കാടുപിടിച്ച് കിടന്നതിനാല്‍ കിണര്‍ ഉണ്ടെന്നറിയാതെ റിസോര്‍ട്ട് അധികൃതര്‍ മേയാന്‍ വിടുകയും ഇതിനെ തുടര്‍ന്ന് കുതിര കിണറ്റില്‍ വീഴുകയുമായിരുന്നു. അലക്ഷ്യമായി മൂടിയില്ലാതെ കിണര്‍ ഉപയോഗിച്ച സ്ഥല ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിവിഷന് കൗണ്‍സിലര്‍ അറിയിച്ചു.































