കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി. കെ.എസ്.സി.ഡി.സി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ഹനീഷ് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകുന്നത് സംബന്ധിച്ച കോടതി നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹർജിയിലാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.































