തിരുവനന്തപുരം:* സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റ് പരിസരത്തേക്ക് മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് നടത്തിയ കന്നി യാത്ര പൂർണ്ണമായും വനിതാ ജീവനക്കാരാണ് നിയന്ത്രിച്ചത്
കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന 3,125 ഓർഡിനറി ബസുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള സ്ത്രീകൾക്കിടയിൽ ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രകാരം, സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഏഴ് വിഭാഗങ്ങളിലുള്ള ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാനായി ഇത്തരം ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.































