കൊച്ചി: ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പുതുതായി നിയമിച്ച സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. കെ.ബി. പ്രദീപ് രാജിവെക്കുമെന്ന് സൂചന. നിയമനത്തിന് പിന്നാലെ ഉയർന്ന ശക്തമായ രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രദീപിനോട് അടിയന്തരമായി രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് രാജി വെക്കുമെന്നാണ് സൂചനകൾ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിക്കൂട്ടിലുള്ള ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷല്‍ പ്ലീഡറായി നിയമിച്ചതാണ് വന്‍വിവാദത്തിന് വഴിവെച്ചത്. ബന്ധു നിയമന വിവാദത്തെ തുടർന്ന് മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഈ നിയമനവും പുറത്തുവന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിഭാഗം സ്ഥാപനത്തിന്റെ വക്കീലിനെത്തന്നെ ദേവസ്വം കേസുകൾ വാദിക്കാൻ സ്പെഷൽ പ്ലീഡറാക്കിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഭണ്ഡാരിയുടെ ജാമ്യഹര്‍ജികളിലടക്കം പ്രദീപ് ആയിരുന്നു പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരായിരുന്നത്.






























