കോട്ടയം:* ഭൗതികശാസ്ത്രജ്ഞനും അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ കോലഞ്ചേരി മഴുവഞ്ചേരിപറമ്പത്ത് ഡോ. എം.എ. ഇട്ടിയച്ചൻ (എബ്രഹാം ഇട്ടിയച്ചൻ – 87) അന്തരിച്ചു. 1983-ൽ സ്ഥാപിതമായ മഹാത്മാഗാന്ധി സർവകലാശാലയിലെ ആദ്യ ഫാക്കൽറ്റി അംഗമായിരുന്നു അദ്ദേഹം.
സർവകലാശാലയിലെ ‘സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സി’ന്റെ സ്ഥാപക ഡയറക്ടറും മേധാവിയുമായിരുന്ന ഇട്ടിയച്ചന്റെ നേതൃത്വത്തിലാണ് ഈ വകുപ്പ് മികച്ച അധ്യാപന-ഗവേഷണ കേന്ദ്രമായി വളർന്നത്. വിവിധ സർവകലാശാലകളുടെ അക്കാദമിക, ഭരണചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം 2001-ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. ക്രിസ്റ്റലൈൻ മെറ്റീരിയൽസ്, ബയോളജിക്കൽ ക്രിസ്റ്റൽസ്, ഫോസ്ഫറുകൾ എന്നീ മേഖലകളിലെ ഗവേഷണങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായിരുന്നു.
നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ രംഗത്തും സജീവമായിരുന്ന അദ്ദേഹം ‘നമ്മുടെ ശാസ്ത്രകാരന്മാർ’, ‘റിച്ചാർഡ് ഫൈൻമാൻ: മനുഷ്യസ്നേഹിയായ ഒരു സൈദ്ധാന്തിക ശാസ്ത്രജ്ഞൻ’ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയുടെ അക്കാദമിക മികവിന് ശക്തമായ അടിത്തറ പാകാൻ പ്രയത്നിച്ച മികച്ച വ്യക്തിത്വമായിരുന്നു ഡോ. ഇട്ടിയച്ചനെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡി. മാവൂതു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
- ഭാര്യ: സൗമിനി (റേച്ചൽ)
- മക്കൾ: ഡോ. എബ്രഹാം ഇട്ടിയച്ചൻ, ബിജു ഇട്ടിയച്ചൻ, അന്നു ഇട്ടിയച്ചൻ
- മരുമക്കൾ: ഡോ. ലിസ, രഞ്ജു, മാത്യൂ വർഗീസ്
സംസ്കാരം: ഞായറാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ചെറായിക്ക് സമീപമുള്ള അയ്യമ്പിള്ളി സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ നടക്കും.

































