തിരുവനന്തപുരം: സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി(93) അന്തരിച്ചു. കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2009ല്‍ പത്മശ്രീ നല്‍കി ആദരിച്ച ലീല ഓംചേരി ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ് ലീല ഓംചേരിയുടെ ഭര്‍ത്താവ്. ഡല്‍ഹിയിലെ കലാസാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലീല ഓംചേരി.
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിൻ്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. ഭർത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള. പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമൻ്റെ മൂത്ത സഹോദരിയാണ്. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. യും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു.
സോപാന സംഗീതം, കേരളത്തിലെ സ്‌ത്രീനൃത്തൃത്തിന്റെ പൂർവപശ്ചാത്തലം, സ്‌ത്രീനൃത്തൃത്തിൻ്റെ സംഗീതപാരമ്പര്യം തുടങ്ങി നിലച്ചുപോയഅപൂർവങ്ങളായ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയുംപ്പറ്റി നിരവധി അന്വേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
കൃതികൾ
കേരളത്തിലെ ലാസ്യരചനകൾ (ഡോ. ദീപ്‌തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ദ ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക് (ഡോ. ദീപ്‌തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്, സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ് (അഞ്ച് ഭാഗം).
പുരസ്കാരങ്ങൾ
പത്മശ്രീ (2009), കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ് അവാർഡ്.
































