പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രന് വൻ വിജയം. എം. മുകേഷ് എംഎൽഎയെ ഒന്നര ലക്ഷം വോട്ടിനാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. മൂന്നാം തവണയും കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ മുകേഷ് ലീഡ് നേടിയെങ്കിലും പിന്നിട് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി മികച്ച മുന്നേറ്റമാണ് എൻകെ പ്രേമചന്ദ്രൻ കാഴ്ചവച്ചത്.
2019ൽ നേടിയതിന് സമാനമായ ഭൂരിപക്ഷത്തിലേക്കാണ് പ്രേമചന്ദ്രൻ എത്തിയിരിക്കുന്നത്. ഭൂരിപക്ഷം അരലക്ഷം പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. കൊല്ലം ഡിസിസിയിൽ ഷിബു ബേബി ജോൺ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ ഡിസിസി പ്രസിഡൻ്റ രാജേന്ദ്രപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളും ഘടകകക്ഷി പ്രതിനിധികളും മധുരം വിതരണം ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയളോടുള്ള താക്കീതാണ് വിജയം എന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു.































