സർക്കാർ ഓഫിസുകളിലെ എല്ലാ ബോർഡുകളും ആദ്യനേർപകുതി മലയാളത്തിലും രണ്ടാം നേർപകുതി ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നു സർക്കുലർ.
വാഹനങ്ങളുടെ ബോർഡുകൾ മുൻവശത്ത് മലയാളത്തിലും പിൻവശത്ത് ഇംഗ്ലിഷിലും ഒരേ വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തിക മുദ്രകൾ എന്നിവ മലയാളത്തിൽക്കൂടി തയാറാക്കണം. ഭരണഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നു നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണീ നിർദേശങ്ങൾ.
ഹാജർ പുസ്തകം, സ്യൂട്ട് രജിസ്റ്റർ തുടങ്ങി ഓഫിസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തിൽ തയാറാക്കി മലയാളത്തിൽത്തന്നെ രേഖപ്പെടുത്തലുകൾ വരുത്തണം. ഫയലുകൾ പൂർണമായും മലയാളത്തിൽ കൈകാര്യം ചെയ്യണം.































