തിരുവനന്തപുരം; കളമശ്ശേരി കൺവെൻഷൻ സെന്ററിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദർവേശ് സാഹേബ്. ടിഫിൻ ബോക്സിൽ സെറ്റ് ചെയ്ത ഐഇഡി മാതൃകയിലുള്ള ബോംബാണ് പൊട്ടിയത്. അന്വേഷണത്തിന് പ്രത്യേകസംഘം ഇന്നുതന്നെ രൂപീകരിക്കും. ആസൂത്രിത ആക്രമണമെന്നാണ് സംശയിക്കുന്നത്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണ് – ഡജിപി മാധ്യമങ്ങളോട് പറഞ്ഞു.
കണ്വെന്ഷന് സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു. എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം































