ഹൈദരാബാദ്:* പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 81-കാരനായ വയോധികന് 21 വർഷം കഠിനതടവ് വിധിച്ച് ഹൈദരാബാദിലെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. ഹൈദരാബാദ് മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിൽ (HMWSSB) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ വൂസ വെങ്കട്ട് നാരായണയെയാണ് കോടതി ശിക്ഷിച്ചത്.
തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് 30,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ ഇരയായ പെൺകുട്ടിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. രംഗറെഡ്ഡി ജില്ലയിലെ എൽ.ബി നഗറിലുള്ള ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എം.കെ. പത്മാവതിയാണ് കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 19) ഈ നിർണായക വിധി പ്രസ്താവിച്ചത്.
മിഠായി നൽകി പ്രലോഭനം; പിതാവ് കൈയോടെ പിടികൂടി
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന വെങ്കട്ട് നാരായണ, കുട്ടി അയൽപക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് ആദ്യമായി പരിചയപ്പെടുന്നത്. തുടർന്ന് ബിസ്ക്കറ്റുകളും ചോക്ലേറ്റുകളും നൽകി കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ പ്രതി, പലതവണ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടിയുടെ പിതാവ് ഒരു ദിവസം ഇയാളുടെ വീട്ടിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യം പിതാവ് നേരിട്ട് കാണുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുൻപും പലതവണ കുട്ടി ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.
കേസിൽ സമർപ്പിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിക്ക് കോടതി ഈ കർശന ശിക്ഷ ഉറപ്പാക്കിയത്.



























