തൃശൂർ: തൃശൂർ നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മർദ്ദനമേറ്റു മരിച്ചു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് തൃശൂർ നഗരത്തിലെ വാടകവീട്ടിൽ വെച്ച് ധൻപതി നായികിന് നേരെ ആക്രമണമുണ്ടായത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് (ഇതരസംസ്ഥാന തൊഴിലാളികൾക്ക്) മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


































