ഡോ. ജോൺസൺ വി.ഇടിക്കുള
ആദ്യ ഈസ്റ്റർ ഞായറാഴ്ച രാവിലെ മഗ്ദലക്കാരത്തി മറിയ ഉൾപ്പെടെ ചില സ്ത്രീകൾ യേശുക്രിസ്തു വിന്റെ കല്ലറ സന്ദർശിച്ചപ്പോൾ, കല്ലറയുടെ കവാടത്തിൽ നിന്ന് കല്ല് ഉരുട്ടിയിരിക്കുന്നത് കണ്ട് അവർ സ്തംഭിച്ചുപോയി. അപ്പോൾ കർത്താവിൻ്റെ ദൂതൻ അവരോട് പറഞ്ഞ വാക്കുകൾ ആണിത്.”ഭ്രമിക്കേണ്ട,ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. ക്രിസ്തു ഉയിർത്തെഴുന്നേററു; ക്രിസ്തു ഇവിടെയില്ല……
യേശുവിൻ്റെ ശിഷ്യന്മാർ പൂട്ടിയ വാതിലുകൾക്ക് പിന്നിൽ ഒത്തുകൂടി.ഭയം എല്ലാവരിലും ഉണ്ടായിരുന്നു. അപ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു അടച്ചിട്ട മുറിയിൽ പ്രവേശിച്ച് പറഞ്ഞു, “നിങ്ങൾക്കു സമാധാനം!”. ദൈവത്തിൻ്റെ സമാധാനം കടന്നുവന്നപ്പോൾ ഭയത്തിനും ഉത്കണ്ഠയ്ക്കും ഇടമുണ്ടായിരുന്നില്ല.ആ സ്ത്രീകളും യേശുവിൻ്റെ ശിഷ്യന്മാരും സന്തോഷിച്ചു. ഭയത്തിൽ നിന്ന് സമാധാനത്തിലേക്കും ആശ്വാസത്തിലേക്കും സന്തോഷത്തിലേക്കും ജീവിതം മാറ്റിമറിച്ച ഉത്ഥിതനായ ക്രിസ്തുവിലൂടെ അവർ യഥാർത്ഥ പരിവർത്തനം അനുഭവിച്ചു.

കുരിശു മരണത്തിനു ശേഷം മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ യേശുക്രിസ്തു പരാജയപ്പെടുത്തി,മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം.ശനിയാഴ്ച അർധരാത്രി മുതൽ പള്ളികളിൽ ആരാധനയോട് കൂടിയാണ് ഈസ്റ്റർ ആഘോഷം ആരംഭിക്കുന്നത്. സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന പാഠങ്ങൾ. സത്യത്തെ കുരിശുമരത്തിന്മേൽ ആണിയടിച്ചു തറച്ചാലും സത്യത്തെ കല്ലറയിൽ ഭദ്രമായി നിക്ഷേപിച്ചാലും അത് അവിടെ നിന്നു വിജയ മകുടം ചൂടി പുറത്തു വരുമെന്നുള്ള സന്ദേശം കൂടിയാണിത്.
ദുരന്തങ്ങളും മാരകരോഗങ്ങളും, യുദ്ധ ങ്ങളും മനുഷ്യജീവിതത്തെ നിരാശയിലേക്കു തള്ളിവിടുമ്പോൾ തിന്മയെ കീഴ്പ്പെടുത്തുന്ന ദൈവശക്തിയെപ്പറ്റിയുള്ള ചിന്ത ധൈര്യവും പ്രത്യാശയും ഏവര്‍ക്കും പകരട്ടെ.
































