കാസർകോട്: റിയാസ് മൗലവി വധത്തിൽ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്ന് വിധിന്യായം. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച്‌ച പറ്റിയെന്ന് വിധിന്യായത്തിൽ പറയുന്നു. കൊലയുടെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡി.എൻ.എ പരിശോധന നടത്തിയില്ല, അന്വേഷണം ഏകപക്ഷിയമായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു
മുറിയിൽനിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാർഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതെന്ന് വിധിപ്പകർപ്പിൽ നിരീക്ഷിക്കുന്നു. മരണത്തിന് മുൻപ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നുള് കോടതി പറയുന്നു.
കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്‌ജിയാണ് കെ.കെ. ബാലകൃഷ്ണൻ.
































