ശബരിമലയില്‍ 1998-ല്‍ യു.ബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 40 വര്‍ഷം വാറന്റിയുള്ള സ്വര്‍ണ പാളികള്‍ ഉള്‍പ്പെടെയുള്ളവ 2019-ല്‍ ശബരിമലയില്‍ നിന്നും കൊണ്ടു പോയിട്ട് നാല്‍പതോളം ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിച്ചത്. ഇക്കാര്യം ഹൈക്കോടതി വിധിയിലുണ്ട്. ശബരിമലയില്‍ നിന്നും കൊണ്ടു പോയ സാധനങ്ങള്‍ നാല്‍പതോളം ദിവസം എവിടെയായിരുന്നു? സ്വര്‍ണം അടിച്ചു മാറ്റുന്നതിനു വേണ്ടിയുള്ള പ്രക്രിയയില്‍ ആയിരുന്നോ? അതോ പല സ്ഥലങ്ങളിലും കൊണ്ടു പോയി പൂജ നടത്താനുള്ള തത്രപ്പാടിലായിരുന്നോ? ശബരിമലയിലെ പവിത്രമായ സ്വര്‍ണപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ 40 ദിവസം എടുത്തെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശം ദുരൂഹത വ്യക്തമാക്കുന്നതാണ്. ചെമ്പ് പാളി മാത്രമാണ് ചെന്നൈയില്‍ എത്തിച്ചതെന്നാണ് ഏജന്‍സി പറയുന്നത്. സ്വര്‍ണം ഇവിടെ നിന്നു തന്നെ അടിച്ചു മാറ്റിയ ശേഷം ചെമ്പു പാളിയാണ് ചെന്നൈയില്‍ എത്തിച്ചതെന്നു വ്യക്തമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് പ്രതിപക്ഷം നിരന്തരം ചോദിച്ചിട്ടും മറുപടിയില്ല. സ്പോണ്‍സറാണെന്നാണ് പറയുന്നത്. 2029-ല്‍ സ്വര്‍ണപാളി കൊണ്ടു പോയതില്‍ ക്രമക്കേടുണ്ടെന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്നും ദേവസ്വം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂടിവച്ചു. ഇടനിലക്കാരനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും സ്വര്‍ണത്തിന്റെ വിഹിതം ഇവര്‍ക്കെല്ലാം കിട്ടിയിട്ടുണ്ടെന്നുമാണ് ഇതിന്റെ അര്‍ത്ഥം. അന്ന് ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലും ഉണ്ടായിരുന്നവര്‍ അടിച്ചു മാറ്റിയ സ്വര്‍ണത്തിന്റെ പങ്ക് പറ്റി. അതുകൊണ്ടാണ് സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് അറിഞ്ഞിട്ടും മൂടിവച്ചത്. 2019-ല്‍ കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായെന്ന് വ്യക്തമായിട്ടും എന്തിനാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് അതേ ആളെ വിളിച്ചുവരുത്തി വീണ്ടും ചെന്നൈയിലേക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടത്? 2019-ല്‍ പൂശിയത് 2025-ല്‍ വീണ്ടും എന്തിനാണ് പൂശുന്നത്? ഇതിനൊന്നും മറുപടിയില്ല. സ്പോണ്‍സര്‍ ആയതുകൊണ്ടാണ് വിളിച്ചതെന്നാണ് ദേവസ്വം പ്രസിഡന്റ് പറയുന്നത്. കൊണ്ടു പോയ സ്വര്‍ണത്തില്‍ കുറവുണ്ടായിട്ടെന്ന് ദേവസ്വം കണ്ടെത്തിയ സാഹചര്യത്തിലും അതിന് ഉത്തരവാദിയായ സ്പോണ്‍സറെ തന്നെ ദേവസ്വം ക്ഷണിച്ചു വരുത്തി. വാറന്റിയുള്ള കാര്യത്തില്‍ മാത്രമല്ല, മൊത്തം കാര്യങ്ങള്‍ക്കു വേണ്ടിയാണ് അയാളെ ക്ഷണിച്ചത്. സ്വര്‍ണം അടിച്ചു മാറ്റിയെന്നത് രഹസ്യമാക്കി ഒളിച്ചുവച്ച അതേ സംഘം അയാളെ തന്നെ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണം പൂശാന്‍ ദ്വാരപാലക ശില്‍പ പാളികള്‍ നല്‍കിയെന്നത് ഗുരുതരമായ കുറ്റമാണ്. ഉത്തരവാദികളായ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റും അടിയന്തരമായി രാജിവയ്ക്കണം. നിലവിലെ ദേവസ്വം മന്ത്രിക്കും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും എതിരെ കേസെടുക്കണം. സ്വര്‍ണം കാണാതായതിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണത്തിന് തയാറായില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും.വി.ഡി സതീശന്‍ പറഞ്ഞു.































