കളമശ്ശേരി: മുക്കുപണ്ടം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. ഏലൂർ ഇടമുള ചിറാകുഴി വീട്ടിൽ പ്രശാന്ത് (36), കോട്ടയം തലയോലപറമ്പ് കീഴൂർ മൺത കുട്ടിയിൽ അനീഷ് (26), ഇടുക്കി അടിമാലി ടൗണിൽ കുന്നം പുറത്ത് ജസ്റ്റിൻ (23) എന്നിവരാണ് ഏലൂർ പൊലീസിന്റെ പിടിയിലായത്. പ്രശാന്തിന്റെ നേതൃത്വത്തിൽ കാറിൽ ഏലൂർ പാതാളത്തെ സ്ഥാപനത്തിലെത്തി മുൻപരിചയം വെച്ച് മൂന്ന് പവവന്റെ മുക്കുപണ്ടം പണയം വെച്ച് 1,05,000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ 916 മാർക്കും ജ്വല്ലറികളെ പ്രതിനിധീകരിക്കുന്ന ഇംഗ്ലീഷിലുള്ള രണ്ടക്ഷരങ്ങൾ പഞ്ച് ചെയ്ത, ഉരച്ചുനോക്കിയാൽ മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ ഉള്ളതായിരുന്നു സ്വർണം എന്നാണ് പൊലീസ് പറയുന്നത്.
പണ്ടം തിരിച്ചെടുക്കാൻ തിയതി കഴിഞ്ഞിട്ടും പലവട്ടം പ്രശാന്തിനെ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്നുള്ള സംശയത്തിൽ സ്ഥാപനം പണയ വസ്തു വീണ്ടും നടത്തിയ പരിശോധനയിലാണ് കമ്പളിക്കപ്പെട്ടത് അറിയുന്നത്. ഉടർ ഏലൂർ പൊലീസിൽ നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ. ഷജിൽ കുമാർ, എ.എസ്. ഐമാരായ സുനിൽകുമാർ സുരേഷ് ബാബു, പൊലീസുകാരായ ബിജു, നിധീഷ്കുമാർ, എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
































