കൊച്ചി: നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. ദുർബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് ഉമ തോമസ് എം.എൽ.എ രംഗത്തെത്തി. സ്റ്റേഷനിലെത്തി മോശമായി പെരുമാറുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബല വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽവിട്ടത് സഖാവായതിന്റെ പ്രിവിലേജാണോ അതോ ക്ലിഫ് ഹൗസിൽനിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്നറിയാൻ താൽപര്യമുണ്ടെന്ന് എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അന്തസ്സായി പണിയെടുക്കുന്ന ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണിത്.
സഖാവ് എന്ന രീതിയിൽ എന്ത് കാണിച്ചാലും പൊലീസ് സ്റ്റേഷനിൽ പോലും പ്രിവിലേജ് കിട്ടുമെന്ന സന്ദേശമാണ് ഇതിലൂടെ വരുന്നതെന്നും അവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം നൽകാൻ പാടില്ലാത്ത വകുപ്പുകളാണ് ചുമത്തേണ്ടിയിരുന്നത്. വി.ഐ.പികളാണെന്നതിനാൽ പ്രത്യേകിച്ച് ഒരു പരിഗണനയും ആർക്കും ലഭിക്കരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോഴും വിനായകൻ പ്രതികരിച്ച രീതി നമ്മൾ കണ്ടതാണെന്നും എം.എൽ.എ പറഞ്ഞു.
എന്നാൽ, പൊലീസ് ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ലെന്നും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മൂന്നുവര്‍ഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയതെന്നും കൊച്ചി ഡി.സി.പി എസ്. ശശിധരന് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു വകുപ്പുകളിലുമായി ആറുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതാണ്.
പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വിഡിയോ പരിശോധിച്ച് കണ്ടെത്തും. അസഭ്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള വകുപ്പും ചുമത്തും. ഇയാൾ മുമ്പും പൊലീസ് സ്റ്റേഷനില്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്































