കൊച്ചി: കത്തോലിക്ക സഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുള്ള അന്തർദേശീയ ദൈവശാസ്ത്ര കമീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ഈശോ സഭാംഗമായ ഫാ. ജിജിമോൻ പുതുവീട്ടിൽക്കളത്തിലിനെ വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. അഞ്ചുവർഷത്തേക്കാണ് നിയമനം.
കത്തോലിക്ക സഭയുടെ കൂട്ടായ്മക്ക് പുറത്തുള്ള ഓർത്തോഡോക്സ് സഭ സമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാർപാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമീഷൻ പ്രവർത്തിക്കുന്നത്.
2001ൽ ഈശോസഭയിൽ പ്രവേശിച്ച ഫാ. ജിജി റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി സഭ പിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു
ഇറാഖിലുള്ള അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റുമായി കത്തോലിക്ക സഭ നടത്തിവരുന്ന ദൈവശാസ്ത്ര സംവാദ കമീഷന്റെ വത്തിക്കാൻ നിരീക്ഷകൻ, ഇംഗ്ലണ്ടിലെ സെന്റ് തെയോസേവിയ സെന്റർ ഫോർ ക്രിസ്ത്യൻ സ്പിരിച്വാലിറ്റി കൗൺസിൽ അംഗം, സിറോ മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്.































