സംസ്ഥാന രൂപീകരണ ശേഷമുള്ള തെലങ്കാനയിലെ മൂന്നാമത്തെ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർച്ചയായി രണ്ട് ടേമിൽ ഭരിച്ചുവന്ന ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് ഇന്ന് തെലങ്കാനയിൽ ഭരണം ആരംഭിച്ചത്. തെലങ്കാന ഗവർണർ രേവന്ത് റെഡ്ഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ തിങ്ങിനിറഞ്ഞ സദസ്സിൽ നിന്ന് വലിയ കരഘോഷമാണ് ഉയർന്നത്.
കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച മല്ലു ഭാട്ടി വിക്രമര്‍ക ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. സംസ്ഥാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ആറ് തവണ എംഎല്‍എയുമായ എ ഉത്തം കുമാര്‍ റെഡ്ഡിയുടേയും മല്ലു ഭാട്ടി വിക്രമിന്റേയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും 54 കാരനായ രേവന്ത് റെഡ്ഡിയെ ഹൈക്കമാന്‍ഡ് ഉയര്‍ത്തികാട്ടുകയായിരുന്നു. 3 തവണ എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി, 2017ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2021ല്‍ പിസിസി അധ്യക്ഷനായും ചുമതലയേറ്റു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കാനായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, നിലവിലെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യ മുന്നണിയുടെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സന്നിഹിതരായിരുന്നു. നവകേരള സദസ്സ് ഇന്ന് എറണാകുളത്ത് നടക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദിൽ എത്തിയിരുന്നില്ല.
തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.































