നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും പൊലീസിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാവാനാണ് ഗൺമാനായ അനിൽകുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എ.സന്ദീപിനും നോട്ടീസ് അയച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെ ഒരു മാസം മുൻപാണ് പൊലീസ് കേസെടുത്തത്. പിന്നീട് നടപടികളോന്നും ഉണ്ടായിരുന്നില്ല. വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് പൊലീസിന്‍റെ നടപടി.
നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഗൺമാനടക്കമുള്ളവർ മർദിച്ചത്. എന്നാൽ ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗണ്‍മാന്‍. തനിക്കോ ബസ്സിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്‍റെ ചുമതലയാണെന്നും ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
































