ലോകസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഏപ്രിൽ 10നു ശേഷം. തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16 എന്ന് പരീക്ഷണാർഥമുള്ള ദിവസമായി കണക്കാക്കി നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ട് രാജ്യത്തെ ജില്ലാ കലക്റ്റർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ജില്ലാ കലക്റ്റർമാരാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ.
ഏപ്രിൽ പകുതിയോടെ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന് പ്രതീക്ഷയിലാണ് രാജ്യം മുന്നോട്ടുപോവുന്നത്. അത് ഏറെക്കുറെ സ്ഥിരീകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉത്സവങ്ങൾ, പരീക്ഷകൾ എന്നിവയൊക്കെ കണക്കിലെടുത്താവും തീയതി തീരുമാനിക്കുക.
എത്ര ഘട്ടങ്ങളിലായാണ് വോട്ടെടുപ്പു നടത്തുക എന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്ന തീയതികളിൽ തന്നെ ഇത്തവണയും നടക്കാനുള്ള സാധ്യതകൾ കമ്മിഷൻ പരിഗണിക്കുന്നതായാണ് വിവരം. 2019 ഏപ്രിൽ 11 മുതൽ മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത് .
കഴിഞ്ഞ തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നത് മാർച്ച് 10നാണ്. ഇത്തവണയും അടുത്തമാസം അവസാനമോ മാർച്ച് ആദ്യമോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ മാസം 31 മുതല്‍ ഫെബ്രുവരി 9 വരെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ചേരും. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത്തവണത്തെ ബജറ്റ് ജനപ്രിയമാവുമെന്ന് ഉറപ്പാണ്.
സംസ്ഥാന നിയമസഭ 25ന് നയപ്രഖ്യാപനത്തോടെ തുടങ്ങും. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5നാണ്. കേന്ദ്ര ബജറ്റു കൂടി കണക്കിലെടുത്ത് സാമ്പത്തിക വീർപ്പുമുട്ടലിനിടയിലും ക്ഷേമ പെൻഷനിലെ വർധന ഉൾപ്പെടെ ജനകീയ പ്രഖ്യാപനങ്ങൾക്ക് ധനമന്ത്രി നിർബന്ധിതനാവും. ക്ഷേമപെൻഷൻ കുടിശിക അതിനകം അനുവദിക്കുന്നതായിരിക്കും ധന വകുപ്പിന് മുന്നിലെ വലിയ വെല്ലുവിളി. മാർച്ച് 27വരെ 32 ദിവസം നിയമസഭ ചേരാനാണ് തീരുമാനമെങ്കിലും അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സമ്മേളനം അതനുസരിച്ച് വെട്ടിച്ചുരുക്കും.
































