കൊച്ചി : അഭിനയ മികവില്‍ തന്റേതായ സവിശേഷതകള്‍ കൊണ്ട് ഒരുകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് വര്‍ഗീസ് കാട്ടിപ്പറമ്പന്. തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ താമസമാക്കിയ ഇദ്ദേഹം പുതുതലമുറക്ക് പരിചിതമല്ലെങ്കിലും നാടകരംഗം അരങ്ങുവാണിരുന്ന കാലത്ത് വര്‍ഗീസ് കാട്ടിപ്പറമ്പന് ഒഴിച്ചുകൂടാനാകാത്ത കലാകാരനായിരുന്നു.ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പില്‍ ജോസഫിന്റെയും മറിയത്തിന്റെയും മകനായി ജനിച്ച അദ്ദേഹം പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.കേരളത്തിലെ അറിയപ്പെടുന്ന പ്രഫഷനല്‍ നാടക സംഘങ്ങളിലെല്ലാം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടസ്സപ്പെടുകയും തിരിച്ച് നാട്ടിലെത്തി നാടകങ്ങളില്‍ സജീവമാകുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ വെള്ളിത്തിരയില്‍നിന്ന് പിന്തള്ളപ്പെട്ടെങ്കിലും ഏതാനും സിനിമകളിലും തലമുറകള്‍ എന്ന മെഗാസീരിയലിലും അദ്ദേഹം ഇടക്കാലത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.































