തൃപ്പൂണിത്തുറ: പഴയകാല നാടക, സിനിമ നടൻ പ്രസാദ് എന്ന വർഗീസ് കാട്ടിപ്പറമ്പൻ (89) അന്തരിച്ചു. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്.1954ൽ നവോദയ കലാസമിതിയുടെ ‘നശിക്കാത്ത ഭൂമി’ നാടകത്തിലൂടെയാണ് പ്രഫഷനൽ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചത്. ‘സ്റ്റേജിലെ സത്യൻ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം നടൻ സത്യന്റെ മരണശേഷം ‘അനാഥ ശിൽപങ്ങൾ’ സിനിമയിൽ നായകനായി വെള്ളിത്തിരയിലെത്തി. പിന്നീട് ‘സുമംഗലി’ സിനിമയിൽ ഷീലയുടെയും ‘ലക്ഷ്യം’ സിനിമയിൽ ജയഭാരതിയുടെയും നായകനായി. ‘ഇത്തിരിനേരം ഒത്തിരിക്കാര്യം’, ‘ദ്വീപ്’, ‘ശാപമോക്ഷം’ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ഭാര്യ: തൃപ്പൂണിത്തുറ അമ്പലത്തിങ്കൽ റോസമ്മ. മക്കൾ: ആർലിൻ റോസ്, അനിത റോസ് (ഒ.ഇ.എൻ), പരേതനായ അലൻ റോസ്. മരുമക്കൾ: ഷർമിള ആർലിൻ, വർഗീസ്. മൃതദേഹം കണ്ണൻകുളങ്ങര ജങ്ഷനിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ശനിയാഴ്ച വൈകീട്ട് നാലിന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.






























