തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ വർക്കല സ്വദേശിനി ആരതി (27) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതുൽ ആരതിയെ നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയതിൻ്റെ വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ക്രൂര പീഡനം
വർക്കല വടശ്ശേരിക്കോണം വിളയിൽ ഹൗസിൽ ബൈജുവിന്റെയും ജിനുവിന്റെയും മകളായ ആരതിയും, കല്ലറ ഭരതന്നൂർ സ്വദേശിയായ അതുലും തമ്മിൽ ഒന്നരവർഷം മുൻപായിരുന്നു വിവാഹിതരായത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ അതുൽ പല കാരണങ്ങൾ പറഞ്ഞ് ആരതിയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു.
പണവും സ്വർണവും തട്ടിയെടുക്കലും പരസ്ത്രീ ബന്ധവും
“ആരതിയുടെ 50 പവനോളം സ്വർണം അതുൽ പണയം വെച്ചിരുന്നു. കൂടുതൽ പണത്തിനും സ്വർണത്തിനും വേണ്ടിയുള്ള പീഡനങ്ങൾക്ക് പുറമെ, അതുലിന് മറ്റ് സ്ത്രീകളുമായി ബന്ധങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.”
– ആരതിയുടെ ബന്ധുക്കൾ
തുടർച്ചയായ മാനസിക-ശാരീരിക പീഡനങ്ങളെത്തുടർന്നാണ് ആരതി വാടകവീട്ടിൽ ജീവനൊടുക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഫോർട്ട് പോലീസ് അറിയിച്ചു.






























