ആറന്മുള : ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചക്ക് ഒന്നിന് പമ്പയുടെ നെട്ടായത്തില്‍ നടക്കും. ഇക്കുറി 48 പള്ളിയോടങ്ങളാണ് മത്സര രംഗത്തുള്ളത്. എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒമ്പത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സില്‍ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും… നാല് അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ രണ്ടാം സെമിയിലും, ഏഴ്, എട്ട് ഒമ്പത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്നവ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമിഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്നവ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. മന്ത്രി സജി ചെറിയാന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിളക്ക് തെളിയിക്കും. കൃഷിമന്ത്രി പി പ്രസാദ് പഞ്ചജന്യം സുവനീര്‍ പ്രകാശനം ചെയ്യും. പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്ത് വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എം എല്‍ എ സമ്മാനിക്കും. പള്ളിയോട ശില്‍പ്പി സന്തോഷ് ആചാരിയെ ആന്റോ ആന്റണി എം പിയും, വഞ്ചിപ്പാട്ട് ആചാര്യന്‍ ശിവന്‍കുട്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരനും ആദരിക്കും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ എസ് എസ് ട്രഷറര്‍ എന്‍ വി അയ്യപ്പന്‍പിള്ള സമ്മാനദാനം നിര്‍വഹിക്കും.































