വൈപ്പിൻ : അപകടത്തിൽപെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപറമ്പിൽ വീട്ടിൽ ഷാജഹാൻ (ഇക്രു -28), മട്ടാഞ്ചേരി കമ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി -25) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് ഞാറക്കൽ ഗവ. ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽപെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും വിലകൂടിയ ഹെൽമറ്റും കവർച്ച ചെയ്യുകയായിരുന്നു. മാളക്ക് സമീപം പുത്തൻചിറ സ്വദേശി അർജുനാണ് (19) ബൈക്കപകടത്തിൽ പരിക്കേറ്റത്.
തേവര കോളജിൽ പഠിക്കുന്ന അർജുൻ കോളജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിന് സമീപം ബൈക്കിൽനിന്ന് വീഴുകയായിരുന്നു. ബാറിൽ മദ്യപിക്കാൻ തൊട്ടുപിറകെ സ്കൂട്ടറിൽ വരുകയായിരുന്ന പ്രതികൾ അർജുനെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്നാണ് പണം തട്ടിയെടുത്തത്. കൂടുതൽ പണം ആവശ്യപ്പെട്ട് വിലകൂടിയ ഹെൽമറ്റും കവർന്നു. റൗഡി ലിസ്റ്റിലും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസിൽ പ്രതികളുമാണ് ഇരുവരും .
ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി. രഞ്ജുമോൾ, സി.ആർ. വന്ദന കൃഷ്ണൻ, സി.പി.ഒമാരായ വി.എസ്. സ്വരാഭ്, എസ്. ദിനിൽ രാജ് എന്നിവരാണ് ഉണ്ടായിരുന്നു.































