കാക്കനാട് : ജില്ല ജയിലിലെയും ബോസ്റ്റൽ സ്കൂളിലെയും ഗവ. ചിൽഡ്രൻസ് ഹോമിലെയും അന്തേവാസികളിൽ അക്ഷരാഭ്യാസമില്ലാത്തവരെ അക്ഷരം പഠിപ്പിക്കാൻ സാമ്പത്തിക സഹായവുമായി തൃക്കാക്കര നഗരസഭ.
ഇവിടങ്ങളിലെ അന്തേവാസികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പ്രതിമാസ ഓണറേറിയം നഗരസഭ നൽകുമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി പറഞ്ഞു. ജയിലിലെ അന്തർസംസ്ഥാനക്കാരെയും മലയാള അക്ഷരങ്ങൾ പഠിപ്പിക്കും. തൊഴിലാളികൾക്ക് അവരുടെ ഭാഷ പഠിക്കാനും സൗകര്യം നൽകും. അതിനായി അവരുടെ ഭാഷ അറിയാവുന്ന പ്രേരക്മാരെ നിയോഗിക്കാനാണ് തീരുമാനം.
ആഴ്ചയിൽ രണ്ടു ദിവസമാണ് ജയിലിലെ സാക്ഷരത ക്ലാസ്. നഗരസഭ പരിധിയിലെ പത്താം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും തുല്യത കോഴ്സ് പഠിതാക്കളുടെ രണ്ടാം വർഷത്തെയും ഫീസ് നഗരസഭ വഹിക്കും. ഒരു പഠിതാവിന് 2,200 രൂപയാണ് ഫീസ്.































