ശിവഗിരി:* കൃഷിമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ശിവഗിരി സന്ദർശനം നടത്തി ടി. സിദ്ദിഖ്. ശനിയാഴ്ച മഠത്തിലെത്തിയ മന്ത്രി മഹാസമാധിയിൽ പ്രാർഥനകളിൽ പങ്കെടുത്തു. തുടർന്ന് അതിഥി മന്ദിരത്തിൽ വെച്ച് മഠത്തിലെ മുതിർന്ന സ്വാമിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശിവഗിരി മഠത്തിന്റെ ദീർഘകാലമായുള്ള വികസന ആവശ്യങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെയും കേരളത്തിന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് മന്ത്രി സംസാരിച്ചത്.
നമ്മുടെ നാട് അനേകം മഹത്‌വ്യക്തികളുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീനാരായണ ഗുരുവാണ്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം ലോകചരിത്രത്തിലെ ഒരു വിസ്മയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അതുല്യ കൃതിയാണ് ദൈവദശകം. വീണ്ടും ഇവിടെ എത്തി ഗുരുദേവന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു” – മന്ത്രി ടി. സിദ്ദിഖ്
മന്ത്രിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ടി. സിദ്ദിഖിന് ശിവഗിരിയുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചു. സംസ്ഥാന ബജറ്റിൽ ശ്രീനാരായണ കൺവെൻഷൻ സെന്ററിനായി 5 കോടി രൂപയും, ഡൽഹിയിലെ ശ്രീനാരായണ സ്മാരകത്തിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതവും അനുവദിച്ചതിന് സർക്കാരിനോട് സ്വാമി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
































