ചമ്പക്കുളം: കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലംവള്ളികളിയിൽ ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ ജേതാക്കളായി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബിന്റെ കരുത്തിൽ ആവേശത്തുഴയെറിഞ്ഞാണ് രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ വ്യാത്യാസത്തിൽ കുമരകം ടൗൺബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനാണ് മൂന്നാംസ്ഥാനം.
ജലമേളയുടെ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലകലക്ടർ അലക്സ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, ജനറൽ കൺവീനർ പി.വി. ജയേഷ്, ജോസ് കാവനാട്, എ.വി. മുരളി എന്നിവർ സംസാരിച്ചു.
































