കാക്കനാട്: മാസ്ക് ഉപയോഗിച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച് ഗതാഗത നിയമങ്ങൾ തെറ്റിച്ച് പാഞ്ഞ യുവാവിനെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. 11,500 രൂപ പിഴയീടാക്കുകയും ബൈക്കിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടിയിൽ കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ബൈക്കിലെത്തിയ യുവാവ് കടന്നുകളയുകയായിരുന്നു. 13 കിലോമീറ്റർ ബൈക്കിനെ പിന്തുടർന്ന് മൂവാറ്റുപുഴ ചെറുവട്ടൂരിൽ വെച്ച് യുവാവിനെ വാഹന വകുപ്പ് പിടികൂടി. ഇടുക്കി സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്. പെരുമ്പാവൂരിലെ സ്വകാര്യ പിസ ഹർട്ടിലെ ജീവനക്കാരനാണ് യുവാവ്.
നമ്പർ പ്ലേറ്റുകൾ ഫേസ് മാസ്ക് വെച്ച് മറച്ച നിലയിലായിരുന്നു. ബൈക്കിന്‍റെ സൈലൻസർ പകുതി മുറിച്ചുമാറ്റി രൂപമാറ്റം വരുത്തിയിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. അഷ്റഫ്, എസ്. രജനീഷ്, എം.വി. ശ്രീകാന്ത്, കെ.എ. സമിയുള്ള എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
































