ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെവീണ്ടും അനുനയ നീക്കവുമായി കോൺഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്ത് ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമത ബാനര്‍ജി ഇല്ലാത്ത ഇന്ത്യാ മുന്നണിയെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും മമത ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ഇന്ത്യയിലും ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ മമതാ ബാനര്‍ജിയെ ആവശ്യമുണ്ട്. നമ്മുടെ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് മമതയോട് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാ സഖ്യത്തിന്റെ സുപ്രധാന സ്തംഭങ്ങളിലൊന്നാണ് മമത ബാനര്‍ജി. മമതയും ടിഎംസിയും ഇല്ലാത്ത മുന്നണി ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ല’, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. സീറ്റ് വിഭജന അനിശ്ചിതത്വത്തെ മറികടക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ട്. സീറ്റ് പങ്കിടലിനെക്കുറിച്ച് റണ്ണിംഗ് കമന്ററി ഒന്നും ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ തടസ്സം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ഒരു പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബാനര്‍ജിയുടെ തീരുമാനം പ്രതിപക്ഷ ചേരിയില്‍ അലയടിച്ചതിന് തൊട്ടുപിന്നാലെയാണ് രമേശിന്റെ പരാമര്‍ശം
വ്യാഴാഴ്ച രാവിലെ ബംഗാളില്‍ പ്രവേശിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ബാനര്‍ജിയെ ക്ഷണിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ‘യാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ രണ്ടുതവണ മമതയ്ക്ക് ക്ഷണം അയച്ചിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കെതിരെ പോരാടാന്‍ അവര്‍ യാത്രയുടെ ഭാഗമാകണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു, കാരണം ഞങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയാണ്,” അദ്ദേഹം പറഞ്ഞു.
































