ഗോത്ര വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻകേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി ഛത്തിസ്ഗഡ് മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന എംഎൽഎമാരുടെ യോഗമാണ് അമ്പത്തൊമ്പതുകാരൻ വിഷ്ണുദേവിനെ നേതാവായി തെരഞ്ഞെടുത്തത്. നാളെയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ടയുടൻ എംഎൽഎമാരുടെ സംഘത്തിനൊപ്പം ഗവർണറെ കണ്ട വിഷ്ണുദേവ് സായി ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു.
മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന നേതാവ് രമൺ സിങ്ങിന്‍റെ അടുത്ത അനുയായിയാണ് വിഷ്ണുദേവ് സായി. രമൺ സിങ് സ്പീക്കറാകുമെന്നാണു റിപ്പോർട്ട്. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നു രമൺ സിങ് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവയും മുതിർന്ന നേതാവ് വിജയ് ശർമയുമായിരിക്കും ഉപമുഖ്യമന്ത്രിമാർ.
നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയാകുമ്പോഴാണ് അനിശ്ചിതത്വത്തിനു വിരാമമിട്ട് ഛത്തിസ്ഗഡിൽ തീരുമാനം.
































