മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശം. എതിര്‍കക്ഷികളായ 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക. കരിമണൽ കമ്പനിയിൽ നിന്ന് സേവനം നൽകാതെ മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. എതിർ കക്ഷികളെ എല്ലാവരേയും കേൾക്കാതെ ഒരു തീരുമാനമെടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു നിലപാട് വ്യക്തമാക്കി.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. വിജിലൻസ് കോടതി ഉത്തരവ് തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടായിരുന്നു എന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.
ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്നാണ് കേസിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് 2023 ഓഗസ്റ്റ് 9നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സിഎംആര്‍എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ നീക്കം. എന്നാൽ ഇത് ഭരണപക്ഷവും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് തടഞ്ഞു. പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചില്ല. മാത്യുവിന്റെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു.































