മലപ്പുറം പരാമർശത്തിന്മേൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുൻപായി സഭാനടപടികൾ വേഗത്തിൽ തീർത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന് പ്രഖ്യാപിച്ച് സ്പീക്കർ ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു സ്പീക്കറുടെ ഈ നടപടിയെന്നും കെപിസിസി പ്രസിഡൻ്റ് വിമർശിച്ചു.
സ്വർണ്ണക്കടത്ത്, വിദ്വേഷ പരാമർശം ഉൾപ്പെടെ കേരളം ചർച്ച ചെയ്യുന്ന വിവാദ വിഷ യങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ ജനാധിപത്യപരമായ അവകാശമാണ് സർക്കാർ നിയമസഭയിൽ നിഷേധിച്ചത്.
മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂർവ്വമായ ശ്രമങ്ങളെ നിയമസഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ മനപൂർവം പ്രശ്നം സഷ്ടിച്ചത് ഭരണപക്ഷമാണെന്നും സുധാകരൻ പറഞ്ഞു.

































