റോഡുകളിലൂടെ പാഞ്ഞടുക്കുന്ന യുദ്ധ ടാങ്കുകൾ, കാതടപ്പിക്കുന്ന വെടിയൊച്ചകൾ, സർക്കാർ സ്ഥാപനങ്ങൾക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്ന യുദ്ധവിമാനങ്ങൾ… ഒടുവിൽ രാജ്യത്തിന്റെ പരമാധികാര കേന്ദ്രമായ പാർലമെന്റിന് നേരെപ്പോലും ആക്രമണം! ഈ ദൃശ്യങ്ങളെല്ലാം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ട ജനങ്ങൾ അക്ഷരാർത്ഥത്തിൽ അസ്തപ്രജ്ഞരായി നിന്നു.
മൂന്ന് സൈനിക അട്ടിമറികൾക്കും രണ്ട് സൈനിക ഇടപെടലുകൾക്കും സാക്ഷ്യം വഹിച്ച തുർക്കിയുടെ ചരിത്രത്തിൽ 2016 ജൂലൈ 15 കറുത്ത അധ്യായമായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാരണം, തുർക്കി പാർലമെന്റിന് നേരെ അതിനുമുമ്പ് ഒരിക്കലും ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലായിരുന്നു.
ഇസ്താംബൂളിലെ വിഖ്യാതമായ ബോസ്ഫറസ് പാലം അന്നുവരെ കാണാത്ത അത്രയും വലിയ രക്തച്ചൊരിച്ചിലിനാണ് അന്ന് സാക്ഷ്യം വഹിച്ചത്. ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്ന് ഈ പാലം *’ജൂലൈ 15
രക്തസാക്ഷികളുടെ പാലം’ (July 15 Martyrs Bridge)* എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.
ജനക്കൂട്ടത്തെ തെരുവിലിറക്കി എർദോഗാന്റെ ആ ഒരൊറ്റ ആഹ്വാനം
സൈനിക അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതോടെയാണ് കഥ മാറിയത്. അജ്ഞാത കേന്ദ്രത്തിൽ ഇരുന്ന് ഒരു മൊബൈൽ ആപ്പ് വഴി ടെലിവിഷനിലൂടെ തത്സമയം പ്രത്യക്ഷപ്പെട്ട എർദോഗാൻ, തന്റെ അനുയായികളോട് ജനാധിപത്യം സംരക്ഷിക്കാൻ തെരുവുകളിൽ അണിനിരക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സന്ദേശം രാജ്യത്തുടനീളമുള്ള മസ്ജിദുകളിലെ ലൗഡ് സ്പീക്കറുകളിലൂടെയും ഉച്ചത്തിൽ വിളിച്ചോതി.
നേരം പുലർന്നപ്പോഴേക്കും സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമങ്ങളെല്ലാം ജനപിന്തുണയോടെ രാജ്യം അടിച്ചമർത്തിയിരുന്നു.
ഒടുങ്ങാത്ത മുറിവുകൾ
ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ഈ ചോരക്കളി രാജ്യത്ത് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 184 സാധാരണ പൗരന്മാർ ഉൾപ്പെടെ ആകെ 253 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. അട്ടിമറി നീക്കത്തിൽ പങ്കാളികളായ 34 പേരും അന്ന് കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾ ശാന്തമായെങ്കിലും, ആ അട്ടിമറി ശ്രമം തുർക്കിയുടെ രാഷ്ട്രീയ ഭാവിയെയും ഭരണസംവിധാനങ്ങളെയും ദൂരവ്യാപകമായി സ്വാധീനിക്കുന്ന ഒന്നായി മാറി.































