ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ പ്ലേ സ്‌കൂൾ നടത്തിപ്പുകാരനായ യുവാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഹസ്‌തിനപുരിൽ കൃഷ്‌ണ പ്ലേ സ്‌കൂൾ നടത്തിയിരുന്ന അതുൽ പൻവാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അതുലിന്റെ ഭാര്യ ദാമിനി, ഇവരുടെ കാമുകനും സ്കൂൾ വാൻ ഡ്രൈവറുമായ തുഷാർ (നിക്കി) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനെ ഒഴിവാക്കാനും അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈവശപ്പെടുത്താനുമായിരുന്നു കൊലപാതകമെന്ന് അന്വേഷണസംഘം കണ്ടെത്തി. പാമ്പുകടിയേറ്റുള്ള സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം.
കൊലപാതകം ആസൂത്രിതം; ആദ്യ ശ്രമം പരാജയപ്പെട്ടു
2019-ൽ വിവാഹിതരായ അതുലും ദാമിനിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ദാമിനി സ്കൂൾ വാൻ ഡ്രൈവറായ തുഷാറുമായി പ്രണയത്തിലാവുന്നത്. വിവാഹിതനായ തുഷാർ സ്വന്തം ഭാര്യയുമായി വിവാഹമോചനത്തിന് തയാറെടുക്കുകയായിരുന്നു. അതുലിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് ആദ്യം റോഡപകടം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ആ പദ്ധതി പരാജയപ്പെട്ടു.
തുടർന്നാണ് വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ഇവർ ഗൂഢാലോചന നടത്തിയത്. പ്ലാൻ അനുസരിച്ച് ദാമിനി ഭർത്താവിന് പാലിൽ ഉറക്കഗുളികകൾ കലർത്തി നൽകി ബോധരഹിതനാക്കി. തുടർന്ന് തുഷാർ എത്തിച്ച വിഷപ്പാമ്പിനെ അതുൽ കിടന്നിരുന്ന കിടക്കയിലേക്ക് തുറന്നുവിട്ട് കടിപ്പിക്കുകയായിരുന്നു.
രഹസ്യം പുറത്താക്കിയത് മൊബൈൽ രേഖകൾ
വെള്ളിയാഴ്ച രാവിലെ ബോധരഹിതനായ അതുലിനെ ദാമിനി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാമ്പുകടിയേറ്റതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെങ്കിലും മരണത്തിൽ സംശയം തോന്നിയ പോലീസ് ദാമിനിയുടെയും തുഷാറിന്റെയും മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഇരുവരുടെയും ഫോൺ കോളുകളും സന്ദേശങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് മീററ്റ് സീനിയർ പോലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































