തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ എൻഎസ്എസ് പരസ്യ പ്രതിഷേധത്തിന്. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങളിലും മാർച്ചിൽ പ്രതിഷേധം രേഖപ്പെടുത്തും. വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന ആരോപണം ആവർത്തിച്ച് ജി. സുകുമാരൻ നായർ രംഗത്തെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായത്. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ന്യായീകരണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
“മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയിൽ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അന്ന് തന്നെ അതേക്കുറിച്ച് പറയാമായിരുന്നു. ഇപ്പോൾ ന്യായീകരണം പറയുന്നതിൽ കാര്യമില്ല. നേരിട്ട് കണ്ട് താൻ പറയാനിരുന്ന കാര്യം കഴിഞ്ഞു. തനിക്ക് ഇനി ആരേയും കാണേണ്ടതില്ല.”
- ജി. സുകുമാരൻ നായർ (എൻഎസ്എസ് ജനറൽ സെക്രട്ടറി)
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ, കാണാനുള്ള തീയതിയോ സമയമോ കൃത്യമായി അറിയിച്ചിരുന്നില്ലെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് തൊട്ടുപിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി പരസ്യ നിലപാടുമായി രംഗത്തുവന്നതും, തൊട്ടുപിന്നാലെ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചതും സർക്കാരും എൻഎസ്എസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.
































