ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ സുപ്രീം കോടതി ബുധനാഴ്ച കടുത്ത ആശങ്ക രേഖപ്പെടുത്തി. യുവതലമുറയിലെ പഠിതാക്കൾക്കിടയിൽ പരീക്ഷാ സംബന്ധമായ കാര്യങ്ങളിൽ വലിയ രീതിയിലുള്ള നിരാശ പ്രകടമാണെന്ന് നിരീക്ഷിച്ച കോടതി, അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുടെ ഒ.എസ്.എം (OSM – On-Screen Marking) മൂല്യനിർണ്ണയ രീതി ക്രമീകരിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി (PIL) പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.
“ചെറുപ്പക്കാരായ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരാശ എത്രത്തോളമാണെന്ന് നോക്കൂ,” പരീക്ഷാ-മൂല്യനിർണ്ണയ പ്രക്രിയകളിലെ ആശങ്കകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജി പരിഗണിക്കുന്നതിനിടെ പരാമർശിച്ചു. ‘ബാർ ആൻഡ് ബെഞ്ച്’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
നിലവിലെ സംവിധാനത്തിൽ ചില ‘ഗുരുതരമായ പ്രശ്നങ്ങൾ’ കടന്നുകൂടിയിട്ടുണ്ടെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഈ ആശങ്കകൾ പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് കോടതി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയുടെ ഈ സമീപനം ആർക്കെങ്കിലും എതിരെയുള്ളതല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
“ഞങ്ങൾ നിങ്ങളുടെ സഹായമാണ് തേടുന്നത്, അല്ലാതെ ഇതൊരു എതിർപ്പായി കാണരുത്. നിലവിൽ ചില പ്രശ്നങ്ങളുണ്ടെന്നത് യാഥാർത്ഥ്യമാണ്,” ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
































