തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ എക്സിം (കയറ്റുമതി, ഇറക്കുമതി) പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ ട്രാൻഷിപ്മെൻ്റ് പദവിയിൽ നിന്നും സമ്പൂർണ രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്യും. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എക്സിം സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതോടെ ആഗോള മാരിടൈം ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകും.
‘മിഷൻ സമുദ്ര’ ബിസിനസ് ഉച്ചകോടി
എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിൻ്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കും. ചടങ്ങിൽ ‘മിഷൻ സമുദ്ര’യുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും.

തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടി മോഡൽ കണക്റ്റിവിറ്റി എന്നിവ സമന്വയിപ്പിച്ച് കേരളത്തെ രാജ്യത്തെ പ്രമുഖ മാരിടൈം ലോജിസ്റ്റിക്സ് കേന്ദ്രമായി മാറ്റുകയാണ് ‘മിഷൻ സമുദ്ര’യിലൂടെ ലക്ഷ്യമിടുന്നത്.
അതിവേഗം വളരുന്ന വിഴിഞ്ഞം
കേരള സർക്കാരും അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണും സംയുക്തമായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) വികസിപ്പിച്ച വിഴിഞ്ഞം തുറമുഖം, ഇന്ന് ലോകത്തിലെ തന്നെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യപ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. (TEU) കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ലോകത്തിലെ വമ്പൻ മദർഷിപ്പുകൾ വിജയകരമായി അടുത്തതോടെ, ലോകോത്തര മാരിടൈം ഹബ്ബായി മാറാനുള്ള തങ്ങളുടെ ശേഷി വിഴിഞ്ഞം ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞു.
സമ്പൂർണ എക്സിം സേവനങ്ങൾ കൂടി ആരംഭിക്കുന്നതോടെ വിഴിഞ്ഞം വഴി നേരിട്ടുള്ള അന്താരാഷ്ട്ര വ്യാപാരം കൂടുതൽ സുഗമവും ചെലവ് കുറഞ്ഞതുമായി മാറും.
































