കേരളീയം 2023 ധൂർത്താണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളീയം പരിപാടിക്ക് പണം മുടക്കുന്നത് ധൂർത്തല്ലെന്നും വരുകാല കേരളത്തിനുള്ള നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം ലോകത്തിനു മുന്നിൽ കേരളത്തെ ബ്രാൻഡ് ചെയ്യാൻ കഴിയുന്ന വിപുലമായ ഒരു പ്രസ്ഥാനമാണ്. നമ്മുടെ നാടിന്‍റെ ചരിത്രവും സംസ്കാരവും വാണിജ്യവും വ്യവസായവും വിനോദസഞ്ചാരവും ഉൾപ്പെടെയുള്ള സവിശേഷതകളെ സാധ്യതകളാക്കി മാറ്റുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്‍റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന സംരംഭമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്തോ പതിനഞ്ചോ തുറമുഖങ്ങളിൽ ഒന്നായി മാറാൻ വിഴിഞ്ഞത്തിന് കഴിയും. വിഴിഞ്ഞം പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ വികസനത്തിന്‍റെ പുതിയ ചക്രവാളം സംസ്ഥാനത്തുയരും. വികസനത്തിന്‍റെയും വളർച്ചയുടെയും പുതിയകാല കേരളത്തിന് കരുത്തുപകരുന്ന സവിശേഷമായ സംരംഭമായി കേരളീയം മാറും എന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു
കേരളീയത്തിന് വരുന്ന ചെലവിന്‍റെ വലിയൊരു ഭാഗം വഹിക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾ ആണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഭാവിയിൽ കേരളത്തെ വലിയ നിലയിൽ ബ്രാൻഡ് ചെയ്യുന്ന ഒന്നാകും കേരളീയം. ഏറ്റവും വലിയ ട്രേഡ് ഫയർ എന്നതിനൊപ്പം പല മേഖലകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു പരിപാടി.
കേരളത്തിലേക്ക് നവംബർ 1 മുതൽ 7 വരെ വരികയും കേരളീയത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് വലിയ നേട്ടമായി ലോകത്തിന്മുന്നിൽ പ്രദർശിപ്പിക്കാനാകാണം. കലാപരമായ വൻ മഹാമഹം ഒന്നും അല്ല നടത്തുന്നത്. പക്ഷേ നമ്മുടെ നേട്ടങ്ങൾ പുറത്തേക്കെത്തിക്കാനാകണമെന്ന് കെഎൻ ബാലഗോപാൽ പ്രതികരിച്ചു.
കേരളം കടക്കെണിയിലാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച മന്ത്രി ബാലഗോപാൽ കേരളം മൊത്തം കടത്തിലാണ് എന്ന തരത്തിൽ വാർത്തകൾ കൊടുക്കുമ്പോൾ ഫാക്ട് ചെക്ക് നടത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. കേരളം രൂപകൊണ്ടതു മുതലുള്ള നികുതിവരുമാനം പരിശോധിച്ചാൽ കഴിഞ്ഞ രണ്ടുവർഷം തനതുനികുതി വരുമാനത്തിൽ വൻ നേട്ടമാണ് ഉണ്ടായത്. അതേസമയം കേന്ദ്രം നൽകേണ്ട 40000 കോടിയോളം വെട്ടി കുറിച്ചിരിക്കയാണ്. ആനൂകൂല്യം ഒന്നും അല്ല, അവകാശപ്പെട്ട നികുതിവരുമാനമാണ് തരാതെ പിടിച്ചുവെയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.































