ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്നും പുറപ്പെട്ട അവർ പിന്നീട് എയർഫോഴ്സ് വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകീട്ട് വൈകിട്ട് 5.36 നാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അവരെ എയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
അക്രമാസക്തമായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകർ പ്രതിഷേധ മാർച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ വാർത്താ കുറിപ്പിൽ അറിയിച്ചു.































