മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിനെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പൂരിലെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം അജ്ഞാതരായ ആറ് പേർ വെട്ടിക്കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ബൈക്കിലെത്തിയ അജ്ഞാത സംഘം ആംസ്‌ട്രോങ്ങിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും റോഡിൽ വെച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.
സെംബിയം പോലീസ് പരിധിയിൽ വെച്ചാണ് ആംസ്ട്രോങ്ങ് ആക്രമിക്കപ്പെട്ടത്. പ്രതികളെ പിടികൂടാൻ തീവ്രമായ തിരച്ചിൽ നടക്കുന്നുണ്ട്.
ആക്രമണത്തെത്തുടർന്ന് ആംസ്ട്രോങ്ങിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മുമ്പ് ചെന്നൈ കോർപ്പറേഷൻ കൗൺസിലറായി സേവനമനുഷ്ഠിച്ചിട്ടുള്ള ആംസ്ട്രോങ് പെരമ്പൂരിലായിരുന്നു താമസം.
ബിഎസ്പി തമിഴ്‌നാട് മേധാവിയായ ആംസ്ട്രോങ്ങ് തൻ്റെ പുതിയ വീടിൻ്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വൈകിട്ട് ഏഴ് മണിയോടെ നിർമാണം നടക്കുന്ന സ്ഥലം പരിശോധിക്കാൻ ആംസ്ട്രോങ്ങ് എത്തിയപ്പോൾ ബൈക്കിലെത്തിയ അജ്ഞാതരായ ആറ് പേർ ആക്രമിക്കുകയായിരുന്നു.

































