കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഗാനമേള കേൾക്കുകയായിരുന്നു സത്യനാഥനെന്നും ഇതിനിടയിലാണ് ചിലർ ആക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമത്തിൽ സത്യനാഥന്റെ പുറത്തും കഴുത്തിനുമെല്ലാം വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യനാഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുറകിലൂടെ വന്നാണ് അക്രമികൾ വെട്ടിയതെന്നാണ് സൂചന. മഴുകൊണ്ടാണ് വെട്ടിതെന്നാണ് വിവരം. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം അൽപ സമയത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരും. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാൾ കൊയിലാണ്ടി പോലീസിൽ നേരിട്ടെത്തി കീഴടങ്ങിയെന്ന റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷിഅമ്മ ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു. വെള്ളിയാഴ്ച കൊയിലാണ്ടിയിൽ സി പി എം ഹർത്താൽ പ്രഖ്യാപിച്ചു.

































