കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേളയിലൂടെ ശ്രദ്ധേയയായ വൈറൽ പെൺകുട്ടി വീണ്ടും എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലെത്തി. തൻ്റെ പാസ്‌പോർട്ടും പണവും പിതാവും സംഘവും ചേർന്ന് അപഹരിച്ചതായി പെൺകുട്ടി പോലീസിനോട് പരാതിപ്പെട്ടു.
നേരത്തെ, പെൺകുട്ടിയെയും ഭർത്താവിനെയും കണ്ടെത്താൻ കഴിയുന്നില്ലെന്ന് കാണിച്ച് സെൻട്രൽ പോലീസ് ഇവർക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംരക്ഷണം തേടി പെൺകുട്ടി വീണ്ടും സ്റ്റേഷനിലെത്തിയത്.
പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും, ഇത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നുമായിരുന്നു സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നത്. ഇതിനെത്തുടർന്ന്, പെൺകുട്ടി നേരിട്ട് ആവശ്യപ്പെട്ടാൽ മാത്രം സുരക്ഷ നൽകിയാൽ മതിയെന്ന് കോടതി പോലീസിന് നിർദേശം നൽകുകയായിരുന്നു.
മുമ്പ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് മതിയായ സുരക്ഷ നൽകാൻ കോടതി എറണാകുളം സെൻട്രൽ പോലീസിന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇവർ ഒളിവിൽ പോയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സുരക്ഷ പിൻവലിക്കുകയായിരുന്നു. ഇപ്പോൾ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടി വീണ്ടും പോലീസിനെ സമീപിച്ചതോടെ കേസ് പുതിയ തിരിവിലേക്ക് നീങ്ങുകയാണ്.
































