ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എം.പിമാരെ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതീകാത്മക ബഹിഷ്കരണം നടത്തിയ പ്രതിപക്ഷം, കുറച്ചുസമയത്തിന് ശേഷം യോഗത്തിലേക്ക് തിരികെ എത്തിയതായാണ് റിപ്പോർട്ടുകൾ.
വിമത എംപിമാരുടെ സാന്നിധ്യം വിവാദത്തിൽ
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) നിന്ന് കഴിഞ്ഞ ജൂണിൽ ഇരുപതോളം എം.പിമാർ പാർട്ടി വിട്ട് ‘നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ’ (എൻ.സി.പി.ഐ.) എന്ന ചെറിയ പാർട്ടിയിൽ ലയിച്ചിരുന്നു. എന്നാൽ, പാർലമെന്റ് വെബ്‌സൈറ്റിൽ ഇപ്പോഴും ഇവരെ തൃണമൂൽ അംഗങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ലയനത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് മുൻപ്, വെബ്‌സൈറ്റിൽ പോലും പേരില്ലാത്ത ഒരു പാർട്ടിയെ എങ്ങനെ സർവകക്ഷിയോഗത്തിലേക്ക് ക്ഷണിക്കുമെന്ന് തൃണമൂൽ എം.പി സൗഗത റോയ് ചോദ്യം ചെയ്തു.
എൻ.സി.പി.ഐയെ യോഗത്തിലേക്ക് ക്ഷണിച്ച മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് തങ്ങൾ ഇറങ്ങിപ്പോയതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവും കോൺഗ്രസ് നേതാവുമായ പ്രമോദ് തിവാരി വ്യക്തമാക്കി. അതേസമയം, എല്ലാവരെയും ക്ഷണിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും സ്പീക്കറുടെ അംഗീകാരം തേടിയിട്ടുള്ളതിനാൽ എൻ.സി.പി.ഐയെ അവഗണിക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. യോഗത്തിൽ പങ്കെുടുക്കാൻ അവസരം നൽകിയതിന് എൻ.സി.പി.ഐ. വിഭാഗം നേതാവ് കകോലി ഘോഷ് ദസ്തിദാർ പാർലമെന്ററികാര്യ മന്ത്രിക്ക് നന്ദി അറിയിച്ചു.
ശിവസേന ഉദ്ധവ് പക്ഷത്തെ കൂറുമാറ്റത്തിന് സ്പീക്കറുടെ അംഗീകാരം
അതിനിടെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ (യു.ബി.ടി) ആറ് എം.പിമാർ ഏക്നാഥ് ഷിൻഡെ പക്ഷത്ത് ചേർന്ന നടപടിക്ക് ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകാരം നൽകി. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ മാറ്റം സാധുവാക്കി സ്പീക്കർ ഉത്തരവിറക്കിയതോടെ, ലോക്സഭയിൽ ഷിൻഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയർന്നു.
പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കാത്തതിനാൽ ഈ പിളർപ്പിന് നിയമസാധുതയില്ലെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ വാദം തള്ളിക്കൊണ്ടാണ് സ്പീക്കറുടെ നടപടി. ഇതോടൊപ്പം, തൃണമൂലിൽ നിന്ന് മാറി എൻ.സി.പി.ഐയിൽ ചേർന്ന 20 എം.പിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കാനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്.
സഭയെ ചൂടുപിടിപ്പിക്കാൻ പ്രതിപക്ഷ വിഷയങ്ങൾ
വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കങ്ങൾക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. രാമക്ഷേത്ര സംഭാവന തട്ടിപ്പ്, നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച, കാർഷിക പ്രശ്നങ്ങൾ, പെട്രോളിലെ ഇ-20 മിശ്രിതം, മണ്ഡല പുനർനിർണയം തുടങ്ങിയ പ്രധാനപ്പെട്ട എട്ടൊമ്പത് വിഷയങ്ങൾ സഭയിൽ ഉന്നയിക്കുമെന്നും ശക്തമായി എതിർക്കുമെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി വ്യക്തമാക്കി.
































