വർക്കല: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ വർക്കല സ്വദേശിയായ അനിൽകുമാറിനെയും മകൻ അച്ചുവിനെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇരുവരെയും ക്രൂരമായി മർദിക്കുന്നതിനായി പ്രതികൾ വീടിനുള്ളിൽ സൗണ്ട് പ്രൂഫ് മുറിയൊരുക്കിയത് മൂന്ന് മാസം മുൻപാണെന്ന് മുഖ്യപ്രതി സുധീഷിന്റെ മുത്തശ്ശി വസുമതി പോലീസിന് മൊഴി നൽകി. കൂടാതെ, ഇരയായ അനിൽകുമാറിന്റെ കുടുംബം കഴിഞ്ഞ രണ്ട് വർഷമായി പ്രതികളുടെ കർശന നിരീക്ഷണത്തിലായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
3 മാസം മുൻപേ തുടങ്ങിയ ‘മുറിയൊരുക്കം’
മുഖ്യപ്രതി സുധീഷിന്റെ മുത്തശ്ശി വസുമതിയുടെ പേരിലുള്ള, വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച അനിൽകുമാറിനെയും മകനെയും അക്രമിസംഘം ക്രൂരമായി മർദിച്ചത്. പഞ്ചായത്തിൽ നിന്ന് 12 വർഷം മുൻപ് അനുവദിച്ച ഈ വീട് പണി പൂർത്തിയാകാത്ത നിലയിലായിരുന്നു.
മൂന്ന് മാസം മുൻപ് ഈ വീട്ടിൽ നിന്ന് പണി നടക്കുന്ന ശബ്ദം കേട്ട സമീപവാസികളിലൊരാൾ വസുമതിയെ വിവരമറിയിക്കുകയായിരുന്നു. വസുമതി ഇവിടെയെത്തി പരിശോധിച്ചപ്പോൾ സുധീഷ് വീടിനുള്ളിൽ ഗ്ലാസ് കൊണ്ടുള്ള ജോലികൾ ചെയ്യുന്നത് കണ്ടു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ സുധീഷ്, ഓർഡർ പ്രകാരമുള്ള സാധനങ്ങൾ നിർമിക്കുകയാണെന്നാണ് അന്ന് മുത്തശ്ശിയോട് പറഞ്ഞത്.
എന്നാൽ വീടിനുള്ളിലിരുന്ന് ജോലി ചെയ്യുന്നത് വിലക്കിയ വസുമതി, സാധനങ്ങളെല്ലാം എടുത്തുമാറ്റാൻ ആവശ്യപ്പെടുകയും വീട് പൂട്ടി താക്കോലുമായി മടങ്ങുകയും ചെയ്തു. പിന്നീട് ഡ്യൂപ്ലിക്കറ്റ് താക്കോൽ നിർമിച്ചാണ് സുധീഷ് വീടിനുള്ളിൽ കടന്ന് ജോലികൾ പൂർത്തിയാക്കിയതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.































