മലപ്പുറം: ജില്ലയിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി. കൂടുതൽ ഓർഡിനറി ബസുകൾ അടിയന്തരമായി അനുവദിക്കണമെന്നും, അരീക്കോട് പുതിയ ഡിപ്പോ സ്ഥാപിക്കണമെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം പ്രമേയത്തിലൂടെ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ 14 ജില്ലകളിൽ ഏറ്റവും കുറവ് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ്സുകൾ സർവീസ് നടത്തുന്ന ജില്ലയാണ് മലപ്പുറം. ജില്ലയിലെ മലപ്പുറം, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ നാല് ഡിപ്പോകളിലായി ആകെ 90 ഓർഡിനറി ബസ്സുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള ജില്ലയിലെ യാത്രാവശ്യങ്ങൾ നിറവേറ്റാൻ ഇത് ഒട്ടും പര്യാപ്തമല്ല.
വിദ്യാർഥിനികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, അസംഘടിത മേഖലകളിലെ വനിതകൾ തുടങ്ങിയ സാധാരണക്കാരായ വലിയൊരു ജനവിഭാഗമാണ് ഓർഡിനറി ബസുകളെ ആശ്രയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും, പരിമിതമായ സൗകര്യങ്ങൾ കാരണം ജില്ലയിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
മഞ്ചേരി-തിരൂർ, മലപ്പുറം-പരപ്പനങ്ങാടി, മലപ്പുറം-അരീക്കോട്, മലപ്പുറം-പെരിന്തൽമണ്ണ, അരീക്കോട്-പെരിന്തൽമണ്ണ തുടങ്ങിയ പ്രധാന റൂട്ടുകളിൽ അടിയന്തരമായി സർവീസുകൾ വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന നിയാസി അവതരിപ്പിച്ച പ്രമേയത്തെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആലിപ്പറ്റ ജമീല പിന്താങ്ങി.
മറ്റ് പ്രധാന പ്രമേയങ്ങളും തീരുമാനങ്ങളും:
- വിർച്വൽ ഓട്ടോപ്‌സി പദ്ധതി നടപ്പിലാക്കണം:
മൃതദേഹം കീറിമുറിക്കാതെ സി.ടി., എം.ആർ.ഐ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരണകാരണം കണ്ടെത്താൻ കഴിയുന്ന ‘വിർച്വൽ ഓട്ടോപ്‌സി’ പദ്ധതി സംസ്ഥാനത്ത് വേഗത്തിൽ നടപ്പിലാക്കണമെന്നും ജില്ലയിൽ പൈലറ്റ് പ്രോജക്റ്റായി ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. ചങ്ങരംകുളം ഡിവിഷൻ അംഗം അഷ്ഹർ പെരുമുക്ക് അവതരിപ്പിച്ച പ്രമേയത്തെ പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ ഡോ. പി.എച്ച്. ആയിഷ ബാനു പിന്താങ്ങി.
- അരുക്കുപറമ്പിൽ പുതിയ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ:
താഴേക്കോട് പഞ്ചായത്തിലെ അരുക്കുപറമ്പ് വില്ലേജ് ആസ്ഥാനമായി പുതിയ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഏലംകുളം ഡിവിഷൻ അംഗം സാജിത അവതരിപ്പിച്ച പ്രമേയത്തെ ഡോ. പി.എച്ച്. ആയിഷ ബാനു പിന്താങ്ങി. - സഹകരണ ആശുപത്രിക്ക് ആദരം:
മികവിനുള്ള സർക്കാർ അംഗീകാരം ലഭിച്ച മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദിന് സമ്മാനിച്ചു.































