ലഖ്‌നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് 23 വയസുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപുർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് മരിച്ചത്.
“പപ്പാ, എന്നോട് ക്ഷമിക്കണം. ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല” – എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
2024-ൽ കാൺപുരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് വിജയിച്ചത്. ഉത്തർപ്രദേശ് സംസ്‌ഥാന തലത്തിൽ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്ന ആനന്ദിന് കോളജ് അധികൃതർ സ്വർണമെഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു. ബിടെക് പഠനത്തിനു ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീഷിപ്പും താരം പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് വിവിധ സർക്കാർ മത്സരപരീക്ഷകൾക്കായി നിരന്തരം തയ്യാറെടുപ്പ് നടത്തിവന്നത്. എന്നാൽ പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് രാജ്‌കുമാർ പറഞ്ഞു.
സഹോദരന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ബിഹാറിലേക്ക് പോയിരുന്ന സമയത്താണ് സംഭവം. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന ആനന്ദിനെ, വീട്ടുജോലിക്കാരി വന്ന് പലതവണ വിളിച്ചിട്ടും വാതിൽ തുറന്നിരുന്നില്ല. സംശയം തോന്നിയ ജോലിക്കാരി അയൽക്കാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ കെട്ടിത്തുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ഭൈരവ് ഘട്ടിൽ സംസ്‌കരിച്ചു. സംഭവത്തിൽ കേസ് റജിസ്‌റ്റർ ചെയ്തതായും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
































