മുതിർന്ന സർക്കാർ ഉദ്യോഗസ്‌ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണു ഇവരെ നിർദേശിച്ചത് ലോക്‌സഭയിൽ കോൺഗ്രസിൻ്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമുവാണ് നിയമിക്കുക.
കമ്മിഷണർ സഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക നൽകിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നതായും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധിറും അംഗമായിരുന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥഥാണു ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിൽ നിന്നുള്ള ഉദ്യോഗസ്‌ഥനാണു സുഖ്‌ബിർ സിങ് സന്ധു. ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കളമൊരുങ്ങും
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതോടെ മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിച്ചിരുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോൾ നികത്തുന്നത്.
തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറിൽ ഭേദഗതി ചെയ്‌തിരുന്നു. അതനുസരിച്ച് പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെയാണ് മുഖ്യ കമ്മിഷണറോ കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റിയാണു പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാൻ പേരുകൾ നൽകുന്നത്































