അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഉച്ചവരെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചികിത്സ തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാന്‍ നാളെ ഉച്ചയ്ക്ക് 2:30 വരെ ജീവനക്കാര്‍ക്ക് അവധി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അപ്പോയ്മെന്റുകളുള്ള രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഔട്ട്‌പേഷ്യന്റ് വിഭാഗം തുറന്നിരിക്കുമെന്നാണ് പുതിയ അറിയിപ്പ്. ആശുപത്രിയിലെ എല്ലാ നിര്‍ണായക സേവനങ്ങളും പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ദയവായി 22-ന് മെഡിക്കല്‍ എമര്‍ജന്‍സിയിലേക്ക് പോകരുത്. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്താല്‍ കുഴപ്പമില്ല. മര്യാദ പുരുഷോത്തം രാമനെ സ്വാഗതം ചെയ്യാന്‍ ഡല്‍ഹി എയിംസ് അവധിയെടുക്കുകയാണ്. തന്നെ സ്വാഗതം ചെയ്യാന്‍ ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രീരാമന്‍ സമ്മതിക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു., ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി എക്സില്‍ എഴുതി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെയും തീരുമാനത്തെ അപലപിച്ചു, ‘ജനങ്ങള്‍ എയിംസ് ഗേറ്റുകളില്‍ അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പാവപ്പെട്ടവര്‍ക്കും മരിക്കുന്നവര്‍ക്കും കാത്തിരിക്കാം, കാരണം ക്യാമറകള്‍ക്കും പിആര്‍ക്കും വേണ്ടിയുള്ള മോദിയുടെ പരവേശത്തിനാണ് മുന്‍ഗണന,” അദ്ദേഹം എക്സില്‍ എഴുതി.
































