പുതുതായി പണികഴിപ്പിച്ച രാമ ക്ഷേത്രത്തിലെ വിഗ്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. അയോധ്യ ഒരുങ്ങിക്കഴിഞ്ഞു ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ ഒട്ടേറെ പ്രമുഖര്‍ സാക്ഷിയാകും. പരിപാടിക്ക് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ, നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു.പ്രാണപ്രതിഷ്ഠ. ചടങ്ങിൻ്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ അയോധ്യയിലെത്തും.

ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ച് 1 മണി വരെ തുടരും. ഒരാഴ്ച മുമ്പ് ജനുവരി 16ന് ചടങ്ങുകളുടെ പ്രാരംഭ ഘട്ടം ആരംഭിച്ചിരുന്നു. ജനുവരി 23 മുതല്‍ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്തെ പല നഗരങ്ങളിലും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ ജനങ്ങള്‍ ചടങ്ങിന്റെ ഭാഗമാകണമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
































